Skip to the text
Quran Vivaranam

104 sections in study mode

Quran explanation

ബഖറഃ,الْبَقَرَةُസൂക്തം 142

Vol. 2 Page 729

﴿سَيَقُولُ السُّفَهَاءُ مِنَ النَّاسِ مَا وَلَّاهُمْ عَن قِبْلَتِهِمُ الَّتِي كَانُوا عَلَيْهَاۚ قُل ﷲِ الْمَشْرِقُ وَالْمَغْرِبُ ۚ يَهْدِي مَن يَشَاءُ إِلَىٰ صِرَاطٍ مُّسْتَقِيمٍ ١٤٢﴾

ഇതു വരെ അവർ നിലകൊണ്ടിരുന്ന ഖിബ്‌ലഃയിൽനിന്ന് അവരെ തിരിച്ചു കളഞ്ഞത് എന്താണെന്ന് മൂഢന്മാർ ചോദിച്ചേക്കും. പറയുക: കിഴക്കും പടിഞ്ഞാറുമെല്ലാം അല്ലാഹുവിന്റേത് മാത്രമാണ്. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേർവഴി നയിക്കുന്നു. (142)

നബി ﷺ മക്കയിലായിരുന്നപ്പോഴും മദീനയിലെത്തി കുറച്ചു കാലവും മസ്‌ജിദുൽ അഖ്സ്വായിലേക്ക് തിരിഞ്ഞുകൊണ്ടാണ് നമസ്‌കരിച്ചിരുന്നത്. കഅ്ബഃയിലേക്കുള്ള ഖിബ്‌ലഃ മാറ്റം നബി ﷺയുടെ ആഗ്രഹമായിരുന്നുവെന്നും അതിനു വേണ്ടി അവിടുന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കാറുണ്ടായിരുന്നു എന്നും സൂറത്തുൽ ബഖറഃ 144-ാം സൂക്തത്തിൽ വ്യക്തമാക്കുന്നുണ്ട്. ഖിബ്‌ലഃ മാറ്റം പൂർവിക ഗ്രന്ഥങ്ങൾ ലഭിച്ചവരും അല്ലാത്തവരുമായ തൽപര കക്ഷികൾ അവരുടെ ദുഷ്ടലാക്കുകൾക്ക് വേണ്ടി ദുരുപയോഗിച്ചു. അതേ സമയം, അല്ലാഹു അതിനെ വിശ്വാസദാർഢ്യം പരീക്ഷിക്കാനുള്ള ഒരു വേദിയാക്കുക കൂടി ചെയ്‌തു. വിശ്വാസ ദാർഢ്യമോ ആത്മബലമോ ഇല്ലാത്ത മൂഢന്മാർ അതിന്റെ സാംഗത്യം ചോദ്യം ചെയ്‌തുകൊണ്ടിരുന്നു. ഇക്കാര്യങ്ങൾ അത്രയും സ്വതസ്‌പഷ്ടമായ കാര്യങ്ങളാണ്. പക്ഷെ, വിശുദ്ധ ഖുർആൻ വിവരണത്തിൽ ഇതു സംബന്ധിച്ച് നൽകിയ വിവരണത്തിൽനിന്ന് ഒരു ഭാഗം താഴെ കൊടുക്കാം. അത് അനുവാചകരെ ആശയക്കുഴപ്പത്തിലാക്കാൻ മാത്രമേ ഉപകരിക്കൂ.

[മക്കാ ജീവിത കാലത്ത് നബി (സ) ഖിബ്‌ലയായി (അഭിമുഖ കേന്ദ്രമായി) നമസ്‌കാരത്തിൽ അംഗീകരിച്ച് പോന്നത് കഅ്ബയായിരുന്നുവെന്നും, ബൈത്തുൽ മുഖദ്ദസ് ആയിരുന്നുവെന്നും, അതല്ല, രണ്ടിനെയും അഭിമുഖീകരിച്ചുകൊണ്ടായിരുന്നു നമസ്‌കരിച്ചിരുന്നതെന്നുമൊക്കെ അഭിപ്രായങ്ങൾ കാണാം. ഏതായാലും അത് അല്ലാഹുവിൽ നിന്നുള്ള വല്ല പ്രത്യേക കൽപനയും അനുസരിച്ചായിരുന്നുവോ, അല്ലേ എന്നുള്ളതിന് പറയത്തക്ക തെളിവുകളൊന്നുമില്ല. മദീനായിൽ ചെന്ന ശേഷം, പതിനാറോ, പതിനേഴോ മാസക്കാലം ബൈത്തുൽ മുഖദ്ദസിനെ ഖിബ്‌ലയാക്കിക്കൊണ്ടായിരുന്നു നബി (സ)യും സത്യവിശ്വാസികളും നമസ്‌കരിച്ചിരുന്നത്. മദീന ജൂതന്മാരുടെ അധിവാസ കേന്ദ്രമായിരുന്നതു കൊണ്ട് അവരെ ഇസ്‌ലാമിലേക്ക് ആകർഷിക്കുവാനുള്ള ഒരു മാർഗ്ഗമെന്ന നിലക്ക് കൂടിയായിരുന്നു അതെന്ന് പറയപ്പെടുന്നു. ഇതും അല്ലാഹുവിങ്കൽനിന്നുള്ള വല്ല കൽപന പ്രകാരമായിരുന്നുവോ അല്ലേ എന്ന് ഉറപ്പിക്കത്തക്ക തെളിവുകൾ കാണുന്നില്ല. എങ്കിലും അല്ലാഹുവിങ്കൽനിന്ന് വഹ്‌യു മൂലമുള്ള ഒരു നിർദ്ദേശമനുസരിച്ചായിരുന്നു ഇതെന്ന് അടുത്ത വചനത്തിൽനിന്ന് മനസ്സിലാകുന്നുവെന്നു മാത്രം. വാസ്‌തവം അല്ലാഹുവിനറിയാം.] (വിശുദ്ധ ഖുർആൻ വിരണം, പുറം 1/260)

മേൽ വ്യാഖ്യാനം വായിക്കുമ്പോൾ വലിയ സങ്കടമാണ് തോന്നുന്നത്. ഒന്നിനും ഒരു തിട്ടവുമില്ല. ഒരു കാര്യത്തിനും തീർപ്പോ നിർണ്ണയമോ പറയാനാവുന്നില്ല. ഉണ്ടോ എന്നുറക്കെ ചോദിച്ചാൽ ഇല്ലെന്നും, ഇല്ലേ എന്നുറക്കെ ചോദിച്ചാൽ ഉണ്ടെന്നും മറുപടി ലഭിക്കുന്ന അവസ്ഥ! ആകെക്കൂടി അവ്യക്തതയും അങ്കലാപ്പും ആശയക്കുഴപ്പവും മുറ്റിനിൽക്കുകയാണ് !!

അനാവശ്യവും അപ്രസക്തവുമായ അഭിപ്രായങ്ങൾ ഉദ്ധരിച്ച് വായനക്കാരെ ആശയക്കുഴപ്പത്തിലാക്കുന്നതെന്തിന്? അത് തീർത്തും ഒഴിവാക്കേണ്ടതായിരുന്നില്ലേ?പ്രസക്തമായ അഭിപ്രായങ്ങൾ മാത്രം ഉദ്ധരിക്കുക എന്നതാണ് ശരിയായ രീതി. അങ്ങനെ ഉദ്ധരിക്കുകയാണെങ്കിൽ തന്നെ മുൻഗണനാക്രമം പാലിക്കേണ്ടതുണ്ട്. ശേഷം അവയിൽ ഏതാണ് ശരി എന്ന് നിർണ്ണയിക്കേണ്ടതും, തീർപ്പാക്കാൻ അവലംബിച്ച മാനദണ്ഡങ്ങളും തെളിവുകളും വിശദീകരിക്കേണ്ടതുമാണ്. അവ സലഫുകൾക്കിടയിൽ അംഗീകാരമുള്ളതും അവരുടെ രീതിയനുസരിച്ചുമായിരിക്കണം. അപ്പോൾ മാത്രമേ സലഫീങ്ങളുടെ മാതൃകയനുസരിച്ചുള്ള ഖുർആൻ വിവരണമാവുകയുള്ളു.

പ്രാഥമികമായി നാം ഓരോരുത്തരും മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ട ഒരു വസ്‌തുതയുണ്ട്: നബി ﷺ വഹ്‌യിന്റെ അടിസ്ഥാനത്തിലല്ലാതെ ഒരു കാര്യവും ചെയ്യുകയില്ല. അല്ലാഹു പറയുന്നു: ﴿وَمَا يَنْطِقُ عَنِ الْهَوَى ٣ إِنْ هُوَ إِلَّا وَحْيٌ يُوحَى ٤﴾ (النجم) [അവിടുന്ന് സംസാരിക്കുന്നത് അഭീഷ്ടമനുസരിച്ചല്ല. അത് ബോധനം ചെയ്യപ്പെടുന്ന വഹ്‌യല്ലാതെ മറ്റൊന്നുമല്ല.] (നജ്‌മ് 3-4)

ഈ പ്രാഥമിക തത്വം പോലും അവഗണിച്ചുകൊണ്ടാണ് കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്. ഈ വ്യാഖ്യാനം നബി ﷺ യുടെ നടപടികളെ കുറിച്ച് വായനക്കാരിൽ സംശയം ജനിപ്പിക്കുകയേ ഉള്ളു. മാത്രമല്ല, മതപരമായ കാര്യങ്ങളിൽ ഒന്നിനും ഒരു നിശ്ചയമില്ലെന്നും അത് ആവശ്യമുള്ള കാര്യമല്ലെന്നും തെറ്റിദ്ധരിച്ചു പോവുകയും ചെയ്യും. ഖിബ്‌ലഃ മാറ്റത്തെ കുറിച്ച് അവശ്യം മനസ്സിലാക്കിയിരിക്കേണ്ട കാര്യങ്ങൾ ബഖറഃ 115-ാം സൂക്തത്തിനു നൽകിയ വിശദീകരണത്തിൽ പറഞ്ഞിട്ടുണ്ട്. അത് ഇവിടെ ആവർത്തിക്കുന്നില്ല.

സലഫുകളുടെ രീതി പിന്തുടരാതിരുന്നതാണ് ഈ ദുർഗതിക്കു കാരണം. സലഫുകളുടെ രീതി എന്ന് പറയുമ്പോൾ അശ്അരികളും മാതുരീദികളും അഖ്‌ലാനികളും വിശദീകരിക്കുന്ന സലഫുകളുടെ രീതിയല്ല. അവർ അവതരിപ്പിക്കുന്ന സലഫീ മാർഗ്ഗം മായം ചേർന്നതും വികലവുമാണ്. ശരിയായ അർത്ഥത്തിലുള്ള സലഫുകളുടെ രീതി ആശയക്കുഴപ്പങ്ങളില്ലാത്ത വിശുദ്ധിയുടെയും വ്യക്തതയുടെയും മാർഗ്ഗമാണ്. അതു തന്നെയാണ് സലഫുകളുടെ മുഖമുദ്രയും. എന്നാൽ ഈ വ്യാഖ്യാനം ഇസ്വ്‌ലാഹിയ്യത്തിന്റെയും ഇഖ്‌വാനിയ്യത്തിന്റെയും ആശയക്കുഴപ്പങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. സലഫുകളുടെ രീതി മനസ്സിലാക്കാൻ ഉപകരിക്കുന്ന ഒരു സംഭവം സാന്ദർഭികമായി ഇവിടെ ഉദ്ധരിക്കട്ടെ. عَنْ مَسْرُوقٍ، قَالَ: بَيْنَمَا رَجُلٌ يُحَدِّثُ فِي كِنْدَةَ، فَقَالَ: يَجِيءُ دُخَانٌ يَوْمَ القِيَامَةِ فَيَأْخُذُ بِأَسْمَاعِ المُنَافِقِينَ وَأَبْصَارِهِمْ، يَأْخُذُ المُؤْمِنَ كَهَيْئَةِ الزُّكَامِ، فَفَزِعْنَا، فَأَتَيْتُ ابْنَ مَسْعُودٍ، وَكَانَ مُتَّكِئًا فَغَضِبَ فَجَلَسَ، فَقَالَ: مَنْ عَلِمَ فَلْيَقُلْ، وَمَنْ لَمْ يَعْلَمْ فَلْيَقُلِ اللَّهُ أَعْلَمُ، فَإِنَّ مِنَ العِلْمِ أَنْ يَقُولَ لِمَا لاَ يَعْلَمُ: لاَ أَعْلَمُ، فَإِنَّ اللَّهَ قَالَ لِنَبِيِّهِ ﷺ: ﴿قُلْ مَا أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ وَمَا أَنَا مِنَ المُتَكَلِّفِينَ ٨٦﴿ (ص)، وَإِنَّ قُرَيْشًا أَبْطَئُوا عَنِ الإِسْلاَمِ، فَدَعَا عَلَيْهِمُ النَّبِيُّ ﷺ فَقَالَ: اللَّهُمَّ أَعِنِّي عَلَيْهِمْ بِسَبْعٍ كَسَبْعِ يُوسُفَ، فَأَخَذَتْهُمْ سَنَةٌ حَتَّى هَلَكُوا فِيهَا، وَأَكَلُوا المَيْتَةَ وَالعِظَامَ، وَيَرَى الرَّجُلُ مَا بَيْنَ السَّمَاءِ وَالأَرْضِ كَهَيْئَةِ الدُّخَانِ، فَجَاءَهُ أَبُو سُفْيَانَ فَقَالَ: يَا مُحَمَّدُ جِئْتَ تَأْمُرُنَا بِصِلَةِ الرَّحِمِ، وَإِنَّ قَوْمَكَ قَدْ هَلَكُوا فَادْعُ اللَّهَ، فَقَرَأَ: ﴿فَارْتَقِبْ يَوْمَ تَأْتِي السَّمَاءُ بِدُخَانٍ مُبِينٍ ١٠﴾ (الدخان) إِلَى قَوْلِهِ: ﴿عَائِدُونَ ١٥﴾ (الدخان)، أَفَيُكْشَفُ عَنْهُمْ عَذَابُ الآخِرَةِ إِذَا جَاءَ ثُمَّ عَادُوا إِلَى كُفْرِهِمْ، فَذَلِكَ قَوْلُهُ تَعَالَى: ﴿يَوْمَ نَبْطِشُ البَطْشَةَ الكُبْرَى ١٦﴾ (الدخان)، يَوْمَ بَدْرٍ وَلِزَامًا: يَوْمَ بَدْرٍ ﴿الم غُلِبَتِ الرُّومُ ٢﴾ (الروم) إِلَى ﴾سَيَغْلِبُونَ ٣﴾ (الروم)، وَالرُّومُ قَدْ مَضَى. [البخاري في صحيحه] [താബിഈവര്യനായ മസ്റൂഖ് നിവേദനം ചെയ്യുന്നു. കിൻദഃയിൽ വെച്ച് ഒരാൾ ദീൻ കാര്യങ്ങളെ കുറിച്ച് സംസാരിക്കവെ ഇപ്രകാരം പറയുകയുണ്ടായി: "അന്ത്യനാളിൽ ഒരു ധൂമം പുറപ്പെടും. അത് കപടന്മാരുടെ കേൾവിയും കാഴ്‌ചയും പിടികൂടും. വിശ്വാസിയെ അത് പിടികൂടുന്നത് ജലദോഷ രൂപത്തിലായിരിക്കും." അങ്ങനെ ഞങ്ങൾ ഭയചകിതരാവുകയും, ഞാൻ ഇബ്‌നു മസ്ഊദ് ﵁നെ സമീപിക്കുകയും ചെയ്‌തു. ചാരിയിരിക്കുകയായിരുന്ന അദ്ദേഹം കുപിതനായി എഴുന്നേറ്റിരുന്നു കൊണ്ട് പറഞ്ഞു:

അറിവുള്ളവൻ സംസാരിക്കട്ടെ.

അറിവില്ലാത്തവൻ അല്ലാഹുവിന്നറിയാം എന്നു പറയട്ടെ.

തനിക്ക് അറിയാത്ത കാര്യം എനിക്ക് അറിയില്ല എന്നു പറയുന്നത് തീർച്ചയായും അറിവിൽപെട്ടതാണ്.

നിശ്ചയമായും അല്ലാഹു തന്റെ ദൂതനോട് ആജ്ഞാപിച്ചു:

«പറയുക: ഞാൻ ഇതിന്റെ പേരിൽ നിങ്ങളോട് ഒരു പ്രതിഫലവും ചോദിക്കുന്നില്ല; ഞാൻ കൃത്രിമത്വം കാണിക്കുന്ന നാട്യക്കാരനുമല്ല». (സ്വാദ് 86)

ഖുറൈശികൾ ഇസ്‌ലാമിലേക്ക് വരാൻ വിളംബം വരുത്തി. അപ്പോൾ അവർക്കെതിരിൽ നബി ﷺ പ്രാർത്ഥിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു:

«അല്ലാഹുവേ, യൂസുഫ് നബിയുടെ കാലത്തെ വരൾച്ചയുടെ ഏഴാണ്ടുകൾ പോലെയുള്ള ഏഴാണ്ടുകൾ നൽകിക്കൊണ്ട് അവർക്കെതിരിൽ നീ എന്നെ സഹായിക്കണേ.»

അങ്ങനെ അവരെ ഒരു വർഷം ക്ഷാമം പിടികൂടുകയും അവർ വലിയ നാശത്തിൽ അകപ്പെടുകയും ചെയ്‌തു. അവർ ശവങ്ങളും എല്ലുകളും വരെ ഭക്ഷിച്ചു. ഒരാൾ നോക്കിയാൽ ആകാശത്തിനും ഭൂമിക്കും ഇടയിൽ ഒരു പുക മാത്രമാണ് കണ്ടിരുന്നത്. അങ്ങനെ അബൂ സുഫ്‌യാൻ നബി ﷺയെ സമീപിച്ചുകൊണ്ട് പറഞ്ഞു:

"ഓ മുഹമ്മദ്! കുടുംബം ചാർത്താൻ കൽപിച്ചുകൊണ്ടാണല്ലോ നീ ഞങ്ങളെ സമീപിച്ചിരുന്നത്. നിന്റെ സ്വന്തക്കാരിതാ നശിച്ചുകൊണ്ടിരിക്കുന്നു. അതിനാൽ നീ അല്ലാഹുവിനോടൊന്ന് പ്രാർത്ഥിക്കൂ." അപ്പോൾ അവിടുന്ന് സൂറതു ദുഖാനിലെ 10 മുതൽ 15 വരെയുള്ള സൂക്തങ്ങൾ ഓതിക്കേൾപ്പിച്ചു:

«ആകാശം വ്യക്തമായിക്കാണാവുന്ന ഒരു ധൂമം കൊണ്ടുവരുന്ന ദിവസം... അപ്പോൾ നിങ്ങൾ (പഴയ അവസ്ഥയിലേക്ക്) മടങ്ങുക തന്നെ ചെയ്യുമല്ലോ.»

ശേഷം അവർ അവരുടെ അവിശ്വാസത്തിലേക്ക് തിരിച്ചുപോയി. ഇനി പരലോക ശിക്ഷ വന്നുകഴിയുമ്പോൾ അതവർക്ക് ഒഴിവാക്കപ്പെടുമോ? അതാണ് അല്ലാഹുവിന്റെ വചനത്തിലുള്ളത്:

«ഏറ്റവും ഭയാനകമായ പിടുത്തം നാം പിടിക്കുന്ന ദിവസം!» (ദുഖാൻ 16)

ബദർ യുദ്ധദിവസം, അതെ, അനിവാര്യമായും ബദർ യുദ്ധദിവസം തന്നെ. തുടർന്ന് അദ്ദേഹം സൂറതു റൂമിലെ 2, 3 സൂക്തങ്ങൾ പാരായണം ചെയ്‌തു:

«അലിഫ്‌-ലാം-മീം. റോമക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു» എന്നു തുടങ്ങി «...അവർ വിജയം നേടുന്നതാണ്‌» എന്നതു വരെ.

റോമക്കാരുടെ യുഗവും കഴിഞ്ഞിരിക്കുന്നു.] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)

മേൽ ഹദീസ് മൂല്യവത്തായ കുറേ പാഠങ്ങൾ മുന്നോട്ടു വെക്കുന്നുണ്ട്. അതിൽ സുപ്രധാനമായ ചിലതു മാത്രം താഴെ കൊടുക്കാം:

  1. കൃത്യമായ അറിവും രേഖയും ഉണ്ടെങ്കിൽ മാത്രമേ മതപരമായ കാര്യങ്ങളിൽ സംസാരിക്കാൻ പാടുള്ളു.
  2. മതിയായ അറിവും രേഖയുമുള്ളവർ മറ്റുള്ളവർക്ക് അത് പഠിപ്പിച്ചു കൊടുക്കേണ്ടതാണ്. അറിവ് മറച്ചു വെക്കുന്നത് ഗുരുതരമായ കുറ്റമാണ്.
  3. ഒരു പ്രശ്‌നത്തിൽ അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നതു കൊണ്ടോ മറ്റു കാരണങ്ങളാലോ ഏതാണ് ശരി എന്നു തീർച്ചപ്പെടുത്താൻ കഴിയാത്ത സാഹചര്യത്തിൽ اَللهُ أَعْلَمُ (സൂക്ഷ്മമായി അറിയുന്നവൻ അല്ലാഹുവാണ്) എന്നു പറഞ്ഞ് അക്കാര്യം അല്ലാഹുവിന്ന് വിടുകയാണ് വേണ്ടത്.
  4. ഒരു കാര്യത്തിന്റെ നിജസ്ഥിതി ആധികാരിക രേഖകൾ വെച്ച് പറയാനുള്ള വിവരം തനിക്കില്ലെങ്കിൽ لَا أَدْرِي (എനിക്ക് അറിയില്ല) എന്നു പറയണം. ശ്രദ്ധിക്കുക! തനിക്ക് അറിയില്ലെന്ന തിരിച്ചറിവാണ് അറിവിന്റെ പാതിയും.

മാലിക് ബിൻ അനസ്, ശാഫിഈ, അഹ്‌മദ് ബിൻ ഹൻബൽ പോലുള്ള മഹാന്മാരായ ഇമാമുകൾ -رَحِمَهُمْ اللهُ جَمِيعًا- അവരുടെ മുന്നിൽ ഉന്നയിക്കപ്പെടുന്ന വലിയൊരു വിഭാഗം ചോദ്യങ്ങൾക്ക് اَللهُ أَعْلَمُ (സൂക്ഷ്മമായി അറിയുന്നവൻ അല്ലാഹുവാണ്) എന്നോ, لَا أَدْرِي (എനിക്ക് അറിയില്ല) എന്നോ ആയിരുന്നു ഉത്തരം നൽകിയിരുന്നത്. ഇമാം അഹ്‌മദിന്റെ പുത്രൻ അബ്ദുല്ലാ رحمهما الله പറയുന്നത് കാണുക: قَالَ: كنت اسْمَع أبي كثيرا يُسْأَل عَن الْمسَائِل، فَيَقُول: لَا أدري، وَذَلِكَ إذا كَانَت مَسْأَلَة فِيهَا اخْتِلَاف، وَكثير مِمَّا كَانَ يَقُول: سل غَيْرِي، فَإِن قيل لَهُ: من نسْأَل؟ يَقُول: سلوا الْعلمَاء، وَلَا يكَاد يُسَمِّي رجلا بِعَيْنِه. [مسائل أحمد بن حنبل رواية ابنه عبد الله] [എന്റെ പിതാവിനോട് മതപരമായ പ്രശ്‌നങ്ങളെ കുറിച്ച് ധാരാളമായി ചോദിക്കുന്നത് ഞാൻ കേൾക്കാറുണ്ടായിരുന്നു. അപ്പോഴെല്ലാം അദ്ദേഹം പറയുമായിരുന്നു: لَا أدْرِي - എനിക്കറിയില്ല. ചോദിക്കപ്പെടുന്ന പ്രശ്‌നം അഭിപ്രായ വ്യത്യാസം ഉള്ളതാകുമ്പോഴായിരുന്നു അത്. പലപ്പോഴും അദ്ദേഹം പറയാറുണ്ടായിരുന്നത് എന്നോടല്ലാതെ മറ്റാരോടെങ്കിലും ചോദിക്കൂ എന്നാണ്. ഞങ്ങൾ ആരോട് ചോദിക്കണം എന്നു തിരക്കുമ്പോൾ അദ്ദേഹം പറയാറുള്ളത് നിങ്ങൾ പണ്ഡിതന്മാരോട് ചോദിക്കൂ എന്നു മാത്രമാണ്. ഏതെങ്കിലും ഒരു വ്യക്തിയെ നിർണ്ണയിച്ചു കൊടുക്കാറുണ്ടായിരുന്നില്ല.](അഹ്‌മദ് ബിൻ ഹമ്പലിന്റെ മസ്അലകൾ പുത്രൻ അബ്ദുല്ലായുടെ നിവേദനം)

മേൽ സംഭവം അസന്ദിഗ്‌ദ്ധമായും നമ്മെ തെര്യപ്പെടുത്തുന്നത് ഇതാണ്: ഒരു പ്രശ്‌നത്തെ കുറിച്ച് വ്യത്യസ്‌തമായ ഒരു പാട് അഭിപ്രായങ്ങൾ അറിയാം. പക്ഷെ, അതിൽ ഏതാണ് ശരി എന്ന് തീർച്ചപ്പെടുത്താൻ (ترجيح) കഴിയുന്നില്ല. എങ്കിൽ അതെല്ലാം വിവേചന രഹിതമായി ഉദ്ധരിച്ചു പോവുക എന്നത് അഹ്‌ലുസ്സുന്നഃയുടെ പണ്ഡിതന്മാർ പിന്തുടരുന്ന രീതിയല്ല. അത്തരം സന്ദർഭങ്ങളിൽ വെറുതെ വ്യത്യസ്‌തമായ അഭിപ്രായങ്ങൾ ഉദ്ധരിക്കുന്നതിനു പകരം, എനിക്കറിയില്ല എന്ന് പറയുകയാണ് വേണ്ടത്.

വടക്കനാഫ്രിക്കൻ രാജ്യങ്ങളിലും യൂറോപ്പിലും ഏറെ സ്വീകാര്യനായിരുന്ന മൂന്നാം തലമുറയിലെ (تَابِعُ التَابِعِ) പ്രഗത്ഭനായ പണ്ഡിതൻ സഹ്‌നൂൻ ﵀. വ്യത്യസ്‌തമായ അഭിപ്രായങ്ങൾ വെറുതെ ഉദ്ധരിച്ചു പോകുകയല്ല, അവയിൽ നിന്ന് ശരിയായത് തെരഞ്ഞെടുക്കുക എന്നതാണ് പണ്ഡിതന്മാർക്ക് നിർവ്വഹിക്കാനുള്ള ധർമ്മം എന്ന് അദ്ദേഹം വിശദീകരിക്കുന്നത് കാണുക: قَالَ سَحْنُونُ: إِنِّي لَأَحَفْظُ مَسَائِلَ، مِنْهَا مَا فِيهِ ثَمَانِيَةُ أَقْوَالٍ مِنْ ثَمَانِيَةِ أَئِمَّةٍ مِنَ الْعُلَمَاءِ فَكَيْفَ يَنْبَغِي أَنْ أُعَجِّلَ بِالْجَوَابِ حَتَّى أَتَخَيَّرَ فَلِمَ أُلَامُ عَلَى حَبْسِ الْجَوَابِ. [ابن عبد البر في جامع بيان العلم وفضله] [സഹ്‌നൂൻ ﵀ പറഞ്ഞു: ഞാൻ കുറേ മസ്അലകൾ പഠിച്ചുവെച്ചിട്ടുണ്ട്. അവയിൽ ചിലത് എട്ട് ഇമാമുമാരുടെ എട്ട് അഭിപ്രായങ്ങൾ ഉൾക്കൊള്ളുന്നവയാണ്. അവയിൽനിന്ന് ശരിയായത് തെരഞ്ഞെടുക്കുന്നതു വരെ ധിറുതിയിൽ ഉത്തരം കൊടുക്കുന്നതിന് എന്തു സാംഗത്യം? താൽക്കാലികമായി മറുപടി നൽകാതിരിക്കുന്നതിന്റെ പേരിൽ പിന്നെ എന്തിനാണ് എന്നെ അധിക്ഷേപിക്കുന്നത്?] (ഇബ്‌നു അബ്ദിൽ ബർ ജാമിഉ ബയാനിൽ ഇൽമി വഫള്‌ലിഹിയിൽ ഉദ്ധരിച്ചത്)

വ്യത്യസ്‌തമായ അഭിപ്രായങ്ങൾ ഉദ്ധരിക്കുക എന്നതിലല്ല കാര്യം. പണ്ഡിതന്മാർ അവരുടെ ധർമ്മം നിറവേറ്റേണ്ടത് വ്യത്യസ്‌തവും ബഹുമുഖവുമായ വീക്ഷണങ്ങളിൽനിന്ന് ശരിയായ വിധി ഏതെന്ന് കണ്ടെത്തി അത് ജനങ്ങൾക്ക് പഠിപ്പിച്ചു കൊടുത്തുകൊണ്ടാണ്.

ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ ﵀ ഈ ദുരവസ്ഥയെ കുറിച്ച് പരിതപിക്കുന്നത് കൂടി കാണുക: فَإِنَّ الْإِنْسَانَ لَا يَعْرِفُ الْحَقَّ فِي كُلِّ مَا تَكَلَّمَ النَّاسُ بِهِ، وَأَنْتَ تَجِدُهُمْ يَحْكُونَ أَقْوَالًا مُتَعَدِّدَةً فِي التَّفْسِيرِ وَشَرْحِ الْحَدِيثِ فِي مَسَائِلِ الْأَحْكَامِ، بَلْ وَالْعَرَبِيَّةِ وَالطِّبِّ وَغَيْرِ ذَلِكَ، ثُمَّ كَثِيرٌ مِنَ النَّاسِ يَحْكِي الْخِلَافَ وَلَا يَعْرِفُ الْحَقَّ. [ابن تيمية في منهاج السنة النبوية] [ജനങ്ങൾ ചർച്ച ചെയ്‌തിട്ടുള്ള വിഷയങ്ങളുടെയെല്ലാം സത്യാവസ്ഥ ഒരു മനുഷ്യന് അറിഞ്ഞു കൊള്ളണമെന്നില്ല. ഖുർആൻ വ്യാഖ്യാനത്തിലും ഹദീസ് വിശദീകരണത്തിലും വിഭിന്നങ്ങളായ അഭിപ്രായങ്ങൾ ഉദ്ധരിക്കുന്നതായി അവരെ നിനക്ക് കാണാം. വിധിവിലക്കുകൾ ഉൾക്കൊള്ളുന്ന പ്രശ്‌നങ്ങൾ, അറബി ഭാഷാ വിഷയങ്ങൾ, വൈദ്യം ഇങ്ങനെയുള്ള ഏതെങ്കിലും കാര്യത്തിലായിരിക്കാം അത്. എന്നിട്ട് ജനങ്ങളിൽ അധിക പേരും ഭിന്നാഭിപ്രായങ്ങൾ ഉദ്ധരിക്കുക മാത്രമാണ് ചെയ്യുന്നത്; അതിൽ സത്യമേത് എന്നവനറിയില്ല!] (ഇബ്‌നു തൈമിയ്യഃ മിൻഹാജുസ്സുന്നത്തിന്നബവിയ്യഃയിൽ രേഖപ്പെടുത്തിയത്)

മേൽ സംഭവങ്ങൾ ഇവിടെ ഉദ്ധരിച്ചത് വിശുദ്ധ ഖുർആൻ വിവരണത്തിന്റെ കർത്താക്കളെ -عَفا اللهُ عَنَّا وعَنْهُمْ- ഇകഴ്‌ത്താനുദ്ദേശിച്ചുകൊണ്ടല്ല. മറിച്ച്, മതപരമായ കാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ പാലിക്കേണ്ട മര്യാദ സ്വന്തത്തെക്കൂടി ഉണർത്താനാണ്. വ്യക്തമായ അറിവും രേഖയും ഉണ്ടെങ്കിൽ അതു മാത്രം സംസാരിക്കുകയും അല്ലാത്തത് അല്ലാഹുവിന്നറിയാം എന്നു പറഞ്ഞ് ആത്മരക്ഷ തേടുകയുമാണ് ചെയ്യേണ്ടത്. ഇബ്‌നു മസ്ഊദ് ﵁ നൽകിയ ഉപദേശം ജീവിതത്തിലുടനീളം പാലിക്കാൻ അല്ലാഹു ഏവർക്കും തൗഫീഖ് നൽകട്ടെ, ആമീൻ.

അധിക വായനക്കായി വ്യക്തത: അഹ്‌ലുസ്സുന്നഃയുടെ വ്യതിരിക്തത എന്ന ലേഖനം (പുറം 1/159) കാണുക.

[അപ്രകാരം, നാം നിങ്ങളെ ഒരു മദ്ധ്യമ (അഥവാ ഉത്തമ) സമുദായമാക്കുകയും ചെയ്തിരിക്കുന്നു; നിങ്ങൾ മനുഷ്യരുടെ മേൽ സാക്ഷ്യം വഹിക്കുന്നവരായിരിക്കുവാനും, നിങ്ങളുടെ മേൽ റസൂൽ സാക്ഷ്യം വഹിക്കുന്നവനായിരിക്കുവാനും വേണ്ടി(യത്രെ അത്).] (വിശുദ്ധ ഖുർആൻ വിവരണം, പുറം 1/262)

[وسط (വസത്വ്) എന്ന വാക്കിന് 'മദ്ധ്യമം, മദ്ധ്യത്തിലുള്ളത് 'എന്നിങ്ങനെയാണ് വാക്കർത്ഥം. 'ഉത്തമമായത്, ശ്രേഷ്ടമായത്, മിതമായത്' എന്നിങ്ങനെയുള്ള ഉദ്ദേശ്യങ്ങളിൽ അത് ഉപയോഗിക്കപ്പെടുന്നു. സയ്യിദ് ഖുത്വ്‌ബ് ചൂണ്ടിക്കാണിച്ചതു പോലെ, ആ വാക്കിന് ഏതർത്ഥം കൽപിച്ചാലും ശരി, മുസ്‌ലിം സമുദായം ആ വിശേഷണത്തിന് അർഹർതന്നെ... ഈ വിഷയകമായി മർഹൂം സയ്യിദ് ഖുത്തുബ് അദ്ദേഹത്തിന്റെ തഫ്‌സീറിൽ ഈ വചനത്തിന്റെ വ്യാഖ്യാനത്തിൽ വെച്ച് ചെയ്‌തിട്ടുള്ള ഒരു ദീർഘമായ പ്രസ്‌താവനയുടെ സാരം ഇവിടെ ഉദ്ധരിക്കുന്നത് സന്ദർഭോചിതമായി തോന്നുന്നു...](വിശുദ്ധ ഖുർആൻ വിവരണം, പുറം 1/265)

വിശുദ്ധ ഖുർആൻ വിവരണത്തിൽ ബഖറഃ 143-ാം സൂക്തത്തിനു നൽകിയ വ്യാഖ്യാനത്തിൽപെട്ട ഒരു ഭാഗമാണ് മുകളിൽ കൊടുത്തിരിക്കുന്നത്.

വളരെ സൂക്ഷ്മമായും വസ്‌തുനിഷ്ഠമായും വ്യാഖ്യാനിക്കേണ്ട അതിമനോഹരമായ ഒരു സൂക്തമാണിത്. ഖേദകരമെന്നു പറയട്ടെ, വിശുദ്ധ ഖുർആൻ വിവരണത്തിൽ അതിനു നൽകിയ വ്യാഖ്യാനം വളരെ നിരാശാജനകമാണ്. അതിൽ ഗ്രന്ഥകർത്താക്കൾ ഖുത്വ്‌ബിനെ നിർലോഭം ഉദ്ധരിക്കുകയാണ് ചെയ്‌തിരിക്കുന്നത്. എന്നിട്ട്, മതപരമായ കാര്യങ്ങളിൽ ഒന്നിനും ഒരു നിശ്ചയവുമില്ലാതെ, അതുമാവാം, ഇതുമാവാം, ഏതുമാവാം എന്ന നിലയിൽ കടന്നു പോവുകയുമാണ് ചെയ്യുന്നത്. ഈ ശൈലി ഇവിടെ മാത്രമല്ല, പലയിടങ്ങളിലും ആവർത്തിക്കപ്പെട്ടിരിക്കുന്നതായി കാണാം. ഫലമോ വായനക്കാർ എത്തും പിടിയും കിട്ടാതെ നട്ടം തിരിയേണ്ടിവരുന്നു. ഇതല്ല സലഫുകളുടെ വ്യാഖ്യാന രീതി.

ഖുർആൻ വ്യാഖ്യാനിക്കേണ്ടത് ആദ്യമായി ഖുർആനിലുള്ള മറ്റു സൂക്തങ്ങൾ കൊണ്ടു തന്നെയാണ്. ഖുർആൻ സൂക്തങ്ങൾ പരസ്‌പര പൂരകങ്ങളും ഒന്ന് മറ്റൊന്നിനെ വ്യാഖ്യാനിക്കുന്നതുമാണല്ലോ. രണ്ടാമതായി നബിചര്യയനുസരിച്ചാണ് ഖുർആൻ സൂക്തങ്ങൾ വ്യാഖ്യാനിക്കേണ്ടത്. ഖുർആൻ വിവരിച്ചു കൊടുക്കാനാണ് മുഹമ്മദ് നബി ﷺയെ അല്ലാഹു നിയോഗിച്ചതു തന്നെ. നബിചര്യ ഖുർആനിന്റെ പ്രായോഗിക വ്യാഖ്യാനമാണ്. മൂന്നാമതായി വഹ്‌യിന്റെ പ്രഥമ അഭിസംബോധിത സമൂഹമായ സ്വഹാബികളാണ് ഖുർആൻ സൂക്തങ്ങൾ വിവരിക്കേണ്ടത്. ഖുർആനിന്റെ മൂലവാക്യങ്ങളും വ്യാഖ്യാനങ്ങളും പ്രയോഗരീതികളും നബി ﷺൽനിന്ന് നേരിൽ കണ്ടും കേട്ടും സ്വീകരിച്ചത് അവരാണ്. അവരുടെ ധാരണകളിൽ പിശക് സംഭവിച്ചപ്പോഴെല്ലാം അല്ലാഹു ഇടപെടുകയും വഹ്‌യിലൂടെ അത് തിരുത്തുകയും ചെയ്‌തിട്ടുണ്ട്. അതു തന്നെയാണ് അവരുടെ യോഗ്യതയുടെ അടിസ്ഥാനവും. ഈ പ്രാമാണികതയും ആധികാരികതയും അല്ലാഹു തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. ആ മഹാസാക്ഷ്യമാണ് മേൽ സൂക്തത്തിന്റെ മുഖ്യമായ ഉള്ളടക്കവും. അതിനാൽ ഈ സൂക്തം വ്യാഖ്യാനിക്കാൻ ആരുടെയും അഭിപ്രായങ്ങൾ ആവശ്യമില്ല. നബി ﷺ തന്നെ വളരെ വ്യക്തമായി ഈ വചനത്തെ വ്യാഖ്യാനിച്ചു തന്നിട്ടുണ്ട്. അത്തരം നബിവചനങ്ങളിലൂടെയാണ് ഈ സൂക്തത്തെ വ്യാഖ്യാനിക്കേണ്ടത്. ഇമാം ബുഖാരി ﵀ ഉദ്ധരിക്കുന്നത് കാണുക: عَنْ أَبِي سَعِيدٍ الخُدْرِيِّ، قَالَ: قَالَ رَسُولُ اللهِ ﷺ: يُجَاءُ بِنُوحٍ يَوْمَ القِيَامَةِ، فَيُقَالُ لَهُ: هَلْ بَلَّغْتَ؟ فَيَقُولُ: نَعَمْ، يَا رَبِّ، فَتُسْأَلُ أُمَّتُهُ: هَلْ بَلَّغَكُمْ؟ فَيَقُولُونَ: مَا جَاءَنَا مِنْ نَذِيرٍ، فَيَقُولُ: مَنْ شُهُودُكَ؟ فَيَقُولُ: مُحَمَّدٌ وَأُمَّتُهُ، فَيُجَاءُ بِكُمْ، فَتَشْهَدُونَ، ثُمَّ قَرَأَ رَسُولُ اللهِ ﷺ ﴿وَكَذَلِكَ جَعَلْنَاكُمْ أُمَّةً وَسَطًا﴿ - قَالَ: عَدْلًا - ﴾لِتَكُونُوا شُهَدَاءَ عَلَى النَّاسِ، وَيَكُونَ الرَّسُولُ عَلَيْكُمْ شَهِيدًا... ١٤٣﴾ (البقرة) [البخاري في صحيحه] [അബൂ സഈദ് അൽ ഖുദ്‌രി ﵁ നിവേദനം. നബി ﷺ പറയുന്നു: അന്ത്യനാളിൽ നൂഹ് നബി ﵇ ഹാജരാക്കപ്പെടും. എന്നിട്ട് അദ്ദേഹത്തോട് ചോദിക്കപ്പെടും: നീ ജനങ്ങൾക്ക് സന്ദേശം എത്തിച്ചു കൊടുത്തുവോ? അദ്ദേഹം പറയും: അതെ, റബ്ബേ! അപ്പോൾ അദ്ദേഹത്തിന്റെ സമുദായത്തോട് ചോദിക്കും: അദ്ദേഹം നിങ്ങൾക്ക് എത്തിച്ചു തന്നിരുന്നുവോ? അപ്പോൾ അവർ പറയും: ഒരു മുന്നറിയിപ്പുകാരനും ഞങ്ങൾക്ക് വന്നിട്ടേയില്ല. അപ്പോൾ അദ്ദേഹത്തോട് തന്നെ ചോദിക്കപ്പെടും: നിനക്ക് സാക്ഷികളുണ്ടോ? അദ്ദേഹം പറയും: മുഹമ്മദ് നബി ﷺയും അദ്ദേഹത്തിന്റെ സമുദായവും. അപ്പോൾ നിങ്ങളെ ഹാജരാക്കും. അങ്ങനെ നിങ്ങൾ സാക്ഷിപറയുകയും ചെയ്യും. പിന്നീട് അല്ലാഹുവിന്റെ റസൂൽ ബഖറഃ 143-ാം സൂക്തം ഓതി: «അപ്രകാരം നിങ്ങളെ നാം 'വസത്വ്' ആയ ഒരു സമൂഹമാക്കിയിരിക്കുന്നു.» എന്നിട്ട് അവിടുന്ന് പറഞ്ഞു: "അദ്ൽ ആയവർ". «നിങ്ങൾ ജനങ്ങൾക്ക് സാക്ഷികളാവാൻ; റസൂൽ നിങ്ങൾക്കും സാക്ഷിയായിരിക്കാൻ വേണ്ടി.»] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)

ഇവിടെ وَسَطًا എന്ന പദത്തെ നബി ﷺ തന്നെ വ്യാഖ്യാനിച്ചു. അവിടുന്ന് വ്യാഖ്യാനിച്ചത് عَدْلًا എന്നാണ്. അതിന്റെ അർത്ഥം യോഗ്യരായ നീതിമാന്മാർ എന്നാണ്. അവർ അല്ലാഹുവിന്റെ കോടതിയിൽ പോലും സാക്ഷിപറയാൻ യോഗ്യരാണ്. അത്രമേൽ നീതിമാന്മാരാണവർ. അതേപോലെ, അല്ലാഹുവിന്റെ ദീൻ വഹിക്കാനും വിനിമയം ചെയ്യാനും യോഗ്യരാണ്. അത്രമേൽ പ്രാമാണ്യവും ആധികാരികതയും അവർക്കുണ്ട്. ഇത് അല്ലാഹുവിന്റെ നേരിട്ടുള്ള സാക്ഷ്യപത്രമാണ്.

ഇവിടെ നാം സൂക്ഷ്മമായി മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ﴿وَكَذَلِكَ جَعَلْنَاكُمْ﴾ «അപ്രകാരം നിങ്ങളെ നാം ആക്കിയിരിക്കുന്നു» എന്നതിലുള്ള 'നിങ്ങളെ' എന്ന സർവ്വനാമം ആരെയാണ് സൂചിപ്പിക്കുന്നത്?

• പ്രഥമമായും സ്വഹാബികളെ തന്നെ. കാരണം, അവരെയാണ് വഹ്‌യിലൂടെ ഒന്നാമതായി അല്ലാഹു അഭിസംബോധന ചെയ്യുന്നത്. അതു കൊണ്ട് അവർക്ക് പ്രഥമസ്ഥാനം (أَوَّلِيَّةٌ) കൈവരുന്നു.

• മേൽ സൂക്തത്തിൽ പറഞ്ഞ വിശേഷണങ്ങൾക്ക് ഏറ്റവും അർഹതയുള്ളവർ (أَوْلَوِيَّةٌ) സ്വഹാബിമാരാണ്. ഇതിൽ പറഞ്ഞ എല്ലാ യോഗ്യതകളും പൂർത്തീകരിക്കപ്പെട്ടതും അവരിലാണ്.

അതിനാൽ നമുക്ക് അസന്ദിഗ്‌ധമായി തന്നെ പറയാനാവും, പ്രഥമസ്ഥാനം കൊണ്ടും ഏറ്റവും തരപ്പെട്ടവർ എന്ന നിലയിലും (أَوَّلِيًّا وأََوْلَوِيًّا) സ്വഹാബികളെയാണ് ഇവിടെ 'നിങ്ങളെ' എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്.

പിന്നീട് വരുന്നവർ സ്വഹാബികളെ എത്രത്തോളം അന്യൂനമായ നിലയിലും പൂർണ്ണാർത്ഥത്തിലും പിന്തുടരുന്നുവോ (بِالْمِثْلِيَّةِ) അതിനനുസരിച്ച് അവർ സ്വഹാബികളുടെ കൂടെ അനുബന്ധമായി ചേർക്കപ്പെടും. ഇതാണ് വസ്‌തുത. അല്ലാഹു പറയുന്നത് കാണുക: ﴿وَالسَّابِقُونَ الْأَوَّلُونَ مِنَ الْمُهَاجِرِينَ وَالْأَنصَارِ وَالَّذِينَ اتَّبَعُوهُم بِإِحْسَانٍ رَّضِيَ اللهُ عَنْهُمْ وَرَضُوا عَنْهُ وَأَعَدَّ لَهُمْ جَنَّاتٍ تَجْرِي تَحْتَهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ۚ ذَٰلِكَ الْفَوْزُ الْعَظِيمُ ١٠٠﴾ (التوبة) [ഇസ്‌ലാമിലേക്ക് ആദ്യമായി കടന്നുവന്ന മുഹാജിറുകളും അന്‍സാറുകളും, അന്യൂനമായ നിലയിൽ പൂർണ്ണമായും അവരെ പിൻപറ്റിയവരും - അല്ലാഹു അവരെ തൃപ്‌തിപ്പെട്ടിരിക്കുന്നു; അവർ അവനെയും തൃപ്‌തിപ്പെട്ടിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വർഗ്ഗീയാരാമങ്ങൾ അവര്‍ക്ക് അവന്‍ ഒരുക്കിവെച്ചിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതു തന്നെയാണ് ഏറ്റവും മഹത്തായ വിജയം.] (തൗബഃ 100)

മേൽ സൂക്തം ഒരാവർത്തി കൂടി വായിച്ചു നോക്കൂ! വമ്പിച്ച അഞ്ചു നേട്ടങ്ങൾ... (1) അല്ലാഹുവിന്റെ പ്രീതി (2) അല്ലാഹുവിനെ കുറിച്ചുള്ള സംതൃപ്‌തി (3) താഴ്ഭാഗത്തു കൂടെ അരുവികൾ പ്രവഹിക്കുന്ന സ്വർഗ്ഗം (4) സ്വർഗ്ഗലോകത്തെ നിത്യവാസം (5) ഏറ്റവും മഹത്തായ വിജയം. ആർക്കാണ് അല്ലാഹുവിന്റെ ഈ വാഗ്‌ദാനം? ഇസ്‌ലാമിലേക്ക് മുൻകടന്നു വന്ന മുഹാജിറുകൾക്കും അൻസ്വാറുകൾക്കും.

പിന്നെയോ? അവരെ പൂർണ്ണവും അന്യൂനവുമായ നിലയിൽ പിന്തുടരുന്ന പിൻതലമുറക്കാർക്ക്.

യോഗ്യതകൾ യോഗ്യതകളാണ്. അത് അംഗീകരിക്കുന്നതിലാണ് മാഹാത്മ്യം. അടിസ്ഥാനവും അനുബന്ധവുമായ വേർതിരിവുകൾ തിരിച്ചറിയുന്നതിലാണ് കരുത്ത്. ഇനി നാം യോഗ്യരായ സ്വഹാബത്തിന്റെ കൂടെ കൂടാനുള്ള യോഗ്യത നേടാൻ ശ്രമിക്കുക. അതാണ് നമുക്ക് ചെയ്യാനുള്ളത്. അല്ലാതെ, ഖുത്വ്‌ബും മറ്റു അഖ്‌ലാനികളും പറയുന്ന പോലെ, വസത്വിയ്യഃ എന്ന മൂല്യവിശേഷം അതിരുകളും വ്യവസ്ഥകളുമില്ലാതെ പരന്നൊഴുകി പാഴായിപ്പോകുന്ന കാര്യമല്ല.